Sunday, March 28, 2010

മേഘ സന്ദേശം

കൊതി തീരുംവരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ.. ?

Sunday, March 21, 2010

ശിലാ ഹൃദയം



കല്ലില്‍ വിരിഞ്ഞ കവിത !

Friday, March 19, 2010

അമ്പട ഞാനേ !







ഇത് കാഴ്ചക്ക് ഒരു സാധാരണ പുളിമരം. പക്ഷെ അവന്‍ നില്‍കുന്ന സ്ഥലത്തിന്‍റെ പ്രത്യേകത കൊണ്ടാണ് ഒന്ന് നോക്കിനിന്നു പോയത് . മോറികമി ജാപ്പനീസ് ഗാര്‍ഡനിലെ ഒട്ടും മോശമല്ലാത്ത സ്ഥലത്താണ് ഇവന്‍ തല ഉയര്‍ത്തിനില്‍ക്കുന്നത്. ഇലകളെല്ലാം കൊഴിഞ്ഞതിനാല്‍ കാഴ്ചക്കു വലിയ ഭംഗി തോന്നിയില്ല.
അലുക്കുകള്‍ തൂക്കിയിട്ടിരിക്കുന്നതുപോലെ തൂങ്ങിക്കിടക്കുന്ന കായ്കള്‍കണ്ടപ്പോള്‍ വായില്‍ കപ്പലോട്ടം തുടങ്ങി. എത്രനേരം നോക്കി നിക്കും ! ഞാന്‍ തെക്കൊട്ടുന്നം വെച്ചാല്‍ വീഴുന്നത് വടക്കോട്ടാണെന്ന കാര്യമൊക്കെ മറന്നു ഒരു കൊഴികിട്ടനെന്താ മാര്‍ഗമെന്നാലോചിച്ചു. കോഴി പോയിട്ട് ഒരു ഈര്‍ക്കില്‍ പോലും കണ്ടില്ല. കിട്ടാത്ത പുളിക്ക് അപ്പടി പുളിയാണെന്ന് പറഞ്ഞിട്ട് പോരാന്‍ പറ്റുമോ ? പിന്നെ കൊതിക്കുണ്ടോ നാണവും മാനവും. നിന്ന നിപ്പില്‍ ഒറ്റച്ചാട്ടം. ദാ കയ്യില്‍ രണ്ടെണ്ണം ! നിന്ന നിപ്പില്‍ ഒരെണ്ണം തിന്നു കഴിഞ്ഞപ്പോളാണ് സമാധാനമായത്. സെക്ക്യുരിട്ടി ക്കാരുടെ ജാപ്പനീസിലുള്ള നല്ല ഒരു "പ്രഭാഷണം" പ്രതീക്ഷിച്ചാണ് ചുറ്റും നോക്കിയത് . പക്ഷെ ഇവന്‍ ഏതു കൂതറ നാട്ടില്‍നിന്നു വന്നവനാട എന്നമട്ടിലുള്ള അവരുടെ നിപ്പുകണ്ടപ്പോള്‍ , അങ്ങ് ദൂരെ ഇന്ത്യ എന്നൊരു രാജ്യമുണ്ടെന്നും ,അതിന്‍റെ ഇങ്ങേ അറ്റത്ത്‌ കേരളമെന്ന ഒരു സ്റ്റേറ്റ് ഉണ്ടെന്നും അവിടെ കോട്ടയത്ത് വന്നാല്‍ ഇങ്ങനെയും ഉള്ള ആള്‍ക്കാരെ കാണാമണ്ണാ എന്ന് മനസ്സില്‍ പറഞ്ഞു അവിടുന്ന് മുങ്ങി ! നാട് മറന്നാലും "മൂട് " മറക്കാന്‍ പറ്റുമോ ?
തൊട്ടടുത്തു ധ്യാനനിരതയായിയിരുന്ന മദാമ്മച്ചി വീണ്ടും തന്‍റെ ധ്യാനം തുടര്‍ന്നു !



Photos : anoop

Saturday, March 13, 2010

ഒരു ശിശിരകാലം




കാലം.. ശിശിരകാലത്ത് പൊഴിയുന്ന ഇലകള്‍ പോലെ കൊഴിഞ്ഞു വീഴുന്നു ! പടിയിറങ്ങിപോകുന്ന കാലത്തെ ആര്‍ക്കും തടയാന്‍ കഴിയില്ല. ഈ ഇറങ്ങിപോക്കില്‍ കൂടെ പടിയിറങ്ങുന്ന ചിലതിനു മാത്രം ഉത്തരമില്ല. ചില വേര്‍പാടുകള്‍ക്കും......... കാലപ്രാവഹത്തില്‍ വേര്‍പാടുകള്‍ അനിവാര്യമല്ലേയെന്നു ഒരാശ്വാസത്തിനായി മനസ്സിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചാലും .......
ശിശിരകാലത്ത് മരത്തില്‍ നിന്നും വേര്‍പെട്ടു കാറ്റിന്‍റെ കയ്യില്‍പ്പിടിച്ചു മെല്ലെ മെല്ലെ പറന്നു വീഴുന്ന ഇലകളോട് പോഴിയല്ലേന്നു പറയാന്‍ ആര്‍ക്ക് സാധിക്കും. " സാരമില്ല ,എന്‍റെ ഈ വേര്‍പാട് മറ്റൊരു നല്ല പൂക്കാലത്തിനുവേണ്ടിയല്ലേ" എന്ന്, നെഞ്ചിനുള്ളിലവശേഷിപ്പിച്ച മുറിവുകളുമായി പറന്നകലുംപോള്‍ അവ നമ്മോടു മന്ത്രിക്കുന്നുണ്ടാവും .പക്ഷെ ഈ പൊഴിഞ്ഞു വീഴ്ചയില്‍ ഉണ്ടാകുന്ന മുറിവുകള്‍ ഉണക്കാന്‍ വരാന്‍ പോകുന്ന പൂക്കാലങ്ങള്‍ക്കാകുമോ ? നമ്മുടെ നെഞ്ചോട്‌ ചേര്‍ക്കുന്നവ പടിയിറങ്ങി അകന്നുപോകുംമ്പോളുണ്ടാകുന്ന വേദന മറയ്ക്കാന്‍ ഏതു പൂക്കാലത്തിന് കഴിയും.
ഇനിയും കാലം മാറും മറ്റൊരു വസന്ത കാലത്തില്‍ ഈ മരങ്ങളില്‍ ഇലകളും വരും പൂക്കളും വരും. പക്ഷെ എന്‍റെ നെഞ്ചില്‍നിന്നും കൊഴിഞ്ഞ ഇലകളുടെ മുറിപ്പാടുകള്‍ മാറ്റാന്‍ ഇനിയൊരു പൂക്കാലത്തിനാകുമോ ?..........
ഋതുക്കള്‍ മാറിമറഞ്ഞിട്ടും മറക്കാനാവുന്നില്ല 2007 ലെ ഡാളസ്സിലെ ഈ ശിശിരം. മറക്കാനാവില്ല എനിക്കീ ജന്മത്തില്‍ .....







മറ്റൊരു പകലുകൂടി എരിഞ്ഞടങ്ങുന്നു. ഈ ശിശിരകാല സന്ധ്യയില്‍ ഇനി ഞാനും തണുത്തുറഞ്ഞ എന്‍റെ ഏകാന്തതയും മാത്രം.

anoop.

Friday, March 12, 2010

വശ്യം മനോഹരം !


തണുത്തു ഈറനായ ദിവസങ്ങള്‍ക്കിടക്ക് വല്ലപ്പോഴും വീണുകിട്ടിയിരുന്ന ഒരു തെളിവാര്‍ന്ന സായാഹ്നത്തില്‍‍ വെറുതെ അപ്പുറത്തുള്ള കുന്നിന്മുകളിലേക്ക് ഒന്ന് കയറിയപ്പോള്‍‍ കിട്ടിയ ഒരു ചിത്രം...

തടാകത്തിന്‍റെ നീലിമയും നിശബ്ദതയും വല്ലാതെ മോഹിപ്പിച്ചു.വല്ലാത്തൊരു വശ്യത.









കുന്നിന്‍റെ ചരിവുകളില്‍ വീടുവെച്ചു താമസികുന്നവരോട് ചെറിയ അസൂയ തോന്നാതിരുന്നില്ല . കാലാവസ്ഥക്കും ഭുപ്രകൃതിക്കും അനുസരിച്ച് സ്ഥലത്തിനോടു ഇണങ്ങി ചേരുന്ന വിധം പണിതിരിക്കുന്ന വീടുകള്‍ വളരെ മനോഹരങ്ങളാണ്. നിറയെ പൂത്തുനില്‍ക്കുന്ന ചെടികള്‍ അവയുടെ ഭംഗി വര്‍ധിപ്പിക്കുന്നു.

ഇതും ദൈവത്തിന്‍റെ സ്വന്തം നാടുതന്നെ !

Photos : Anoop
Loc : Steilacoom, Washington

Wednesday, March 10, 2010

കടലോര കാഴ്ചകള്‍ .....

മയാമി, ഹോളിവുഡ് ബീച്ചിലെ ചില കാഴ്ചകള്‍ ..




ശാന്തമായ ഒരു സായാഹ്നം ...



ദാ വരുന്നു...........


മണിവിളക്ക് വേണ്ട മുകില്‍ കാണേണ്ട ഈ പ്രേമ സല്ലാപം...
കളി പറഞ്ഞിരിക്കും കിളി തുടങ്ങിയല്ലോ തന്‍ രാഗ സംഗീതം
ഇരു കരളുകളില്‍ വിരുന്നു വന്നു മായാത്ത മധുമാസം ............



നമുക്കീ തീരത്ത് അല്‍പസമയം കൂടി ഇരിക്കാം. മനോഹരമല്ലേ ഈ സായാഹ്നം.
അലറിയടിച്ച കാറ്റിന്‍റെ കയ്യില്‍‍പിടിച്ചു ഒപ്പം ആര്‍‍ത്തലച്ച തിരകലെല്ലാം പിന്‍‍വാങ്ങുകയാണ്.
അന്തിമാനവും ചുവന്നു തുടങ്ങുന്നു.
എന്‍റെഹൃദയത്തില്‍‍ നിന്നെ കുറിച്ച് ഞാന്‍‍ കണ്ട സ്വപ്നങ്ങള്‍‍ പങ്കുവെക്കാം.










മനസ്സ് ശാന്തമാക്കി ഇത്തിരി നടക്കാമെന്ന് കരുതിയാണ് .പക്ഷെ വീണ്ടു പ്രതിബന്ധങ്ങള്‍. ചാടികടക്കാന്‍ പ്രായം സമ്മതിക്കുന്നില്ല .എങ്ങോട്ട് പോകും..........





നൃത്തവും സംഗീതവും .അത് ഞങ്ങളുടെ ജീവിതത്തിന്‍റെ തന്നെ ഭാഗമാണ്. വയ്കുന്നേരങ്ങളില്‍ ,ഒഴിവുദിനങ്ങളില്‍ ,വാരാംദ്യങ്ങളില്‍ പ്രിയപ്പെട്ടവന്റെ കയ്യുംപിടിച്ചു ഒഴുകിവരുന്ന സംഗീതത്തോടൊപ്പം ഒരല്പം ലഹരിയില്‍ ചുവടുവെക്കുംപോള്‍ അത് മനസുകളില്‍നിന്നും മനസുകളിലെക്കുള്ള ചുവടുവെയ്പുകൂടിയാണ്.. ഇടക്കൊക്കെ നമുക്കീ ജീവിതം ഒരു ആഘോഷമാക്കാം ...






Photos : anoop.

Monday, March 8, 2010

പായ് വഞ്ചി



എന്നില്‍നിന്നും അകന്നകന്നു പോകുകയാണ് ആ പായ് വഞ്ചി .......
മറ്റേതോ ഒരു തീരം ലക്ഷ്യമാക്കി....
എന്‍റെ സ്വപ്നങ്ങള്‍ പോലെ .....

ആന്‍ഡേഴ്സണ് ഐലണ്ടിലേക്കുള്ള യാത്രാമദ്ധ്യേ എടുത്ത ഒരുചിത്രം !

Friday, March 5, 2010

Museum Of Glass.......

ഒരു ശനിയാഴ്ചയുടെ ആലസ്യത്തിലായിരുന്നതിനാല്‍ പ്രത്യേകിച്ച് പണി ഒന്നും ഇല്ലായിരുന്നു .പോരാത്തതിന് പുറത്തു നല്ല തണുപ്പും. അപ്പോളാണ് ഞങ്ങളുടെ അയല്‍വാസി ജോസഫ്‌ ഈ ഗ്ലാസ്‌ മ്യുസിയത്തെപ്പറ്റി പറഞ്ഞത്.തണുപ്പത്ത് കട്ടന്‍ കാപ്പിയും കുടിച്ചു കസേരയില്‍ ചുരുണ്ട് കൂടിയിരുന്ന ഞാന്‍ ആദ്യമേ ചാടി.
മ്യുസിയത്തിലേക്കുള്ള വഴിയില്‍ ആകര്‍ഷകമായ കാഴ്ചകള്‍ ഒന്നും ഇല്ലാതിരുന്നതുകൊണ്ട്‌ ക്യാമറ അധികം പുറത്തെടുക്കേണ്ടി വന്നില്ല. പിന്നെ ഒരു മനസമാധാനത്തിനു വേണ്ടി ഒന്നുരണ്ടു പ്രാവശ്യം ക്ലിക്ക് ചെയ്തു .









പെണ്ണുകാണാന്‍ വരുന്ന ചെറുക്കന്‍റെ വീട്ടുകാര്‍ ചുറ്റുപാടുകള്‍ നോക്കി നടന്നു കാണുന്നതുപോലെ ഞാനും ആ ഗ്ലാസ്‌ ഹൌസിന്‍റെ ചുറ്റും നടന്നു.
ഏകദേശം 13,000 ചതുരശ്രഅടി ഗ്യാലറി സ്പേസ് ഉള്ള ഈ മ്യുസിയം പുറത്തുനിന്നും കണ്ടാല്‍ ഒരു ആകാശ ഗോപുരം പോലെ തോന്നിക്കും. എന്‍റെ വായില്‍നോട്ടം കണ്ടിട്ട് നിനക്കെന്നാ ഇതുവാങ്ങാന്‍ പ്ലാനുണ്ടോന്നു ചോദിച്ചു കൂട്ടുകാര്‍ തത്തിച്ചു അകത്തുകയറ്റി. പെട്ടെന്ന് ഒരു ട്രെയിനിന്‍റെ ശബ്ദം കേട്ടതുപോലെ തോന്നി. ദൈവമേ ഞാന്‍ വീണ്ടും നാട്ടിലെത്തിയോ . പക്ഷെ വന്ന ട്രെയിന്‍ കണ്ടപ്പോള്‍ സ്ഥലകാല ബോധം വന്നു. ഇതുപൊലെഒരു ട്രെയിന്‍ അതും കേരളത്തില്‍ കൂടി !




അന്ന് സന്ദര്‍ശകര്‍ പൊതുവേ കുറവായിരുന്നതിനാല്‍ അധികസമയം ക്യുവില്‍ നില്‍ക്കണ്ടിയതായി വന്നില്ല. കൗണ്ടറിലിരുന്ന പെണ്‍കൊടി ഒരു സ്ടിക്കര്‍ എടുത്തു നെഞ്ചില്‍‍ത്തന്നെ ചാപ്പപോലെ കുത്തിതന്നു. പിന്നെ കൈനീട്ടാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ കരുതി വല്ലതും കോംപ്ലിമന്റായ്തരാനായിരിക്കുമെന്നു. പക്ഷെ എന്‍റെ പ്രതീക്ഷയെ തകിടം മറിച്ചുകൊണ്ട് നീളത്തിലുള്ള വേറെ ഒരെന്നംകൂടി എടുത്തു വളപോലെ കെട്ടിത്തന്നു. ഇതുരണ്ടും ഇല്ലെങ്കില്‍ അവിടുത്തെ അണ്ണന്മാര്‍ പിടിച്ചു വെളിയില്‍ തള്ളുമെന്ന് ഒരു മുന്നറിയിപ്പും തന്നു !





മ്യുസിയത്തിന്‍റെ പ്രവേശന കാവാടത്തിനു സമീപം ഉള്ള ഗ്രാന്‍ഡ്‌ ഹാളിലെ ഒരു റിവേഴ്സഡ് പേയിന്‍റെട് ഗ്ലാസ്‌ ആണ് സന്ദര്‍ശകരെ മ്യുസിയത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. ഗ്ലാസ്‌ ഷീറ്റിന്‍റെ ഒരു വശത്ത് വരക്കുകയും മറുവശത്ത്‌ കൂടി കാണുകയും ചെയ്യുന്ന രീതിയാണ് റിവേഴ്സ്ട് പെയ്ന്റി൦ഗ്. " ഗ്യാദറിംഗ് ഓഫ് ലൈറ്റ്സ് " എന്ന് പേരിട്ടിരിക്കുന്ന ഈ പെയിന്റിംഗ്, ക്യാപ്പി തോംപ്സണ്‍ എന്ന കലാകാരന്‍റെ സൃഷ്ടിയാണ്. ഗ്ലാസ്‌ ശില്‍പങ്ങളുടെ നിര്‍മ്മാണമാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഗ്ലാസ്‌ മെയിക്കറിന്‍റെ മിത്തിക്കല്‍ ലോകമാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് സൂക്ഷിച്ചു നോക്കിയാല്‍ നമുക്ക് മനസ്സിലാകും. ഏകദേശം 10 അടിയോളം നീളവും 15 അടിയോളം വീതിയും തോന്നിക്കും ഗ്ലാസില്‍ തീര്‍ത്ത ഈ സുന്ദര കലാസൃഷ്ടി . കണ്ട ആക്രാന്തത്തില്‍ ഞാന്‍ പണിതുടങ്ങി. പെട്ടെന്നാണ് ഒരു അണ്ണന്‍ വളരെ വിനയത്തോടെ ഒരു ബോര്‍ഡ് ചൂണ്ടികാണിച്ചത് "ഫോട്ടോ ഗ്രാഫി നോട്ട് അലവുഡ് " . അതൊക്കെ എവിടെ കാണാനാണ്. അണ്ണന്‍റെ നില്പില്‍ ഒരു പന്തികേട്‌ തോന്നിയതിനാല്‍ ഒന്നും മിണ്ടാതെ തന്നെ ക്യാമറ പോക്കറ്റിലിട്ടു. 'നിന്നെ ഞാന്‍ കാണിച്ചു തരാമെടാ' എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ആ ബോര്‍ഡ് ഒന്ന് കൂടി അവന്‍ കേള്‍ക്കെ വായിച്ചു ! നല്ലകുട്ടിയായി മോഡേണ്‍ ആര്‍ട്ട്‌ കണ്ട കുമാരനെപോലെ ഓരോന്നും നോക്കിനടന്നു .പക്ഷെ എന്തുചെയ്യാം .മലയാളി ആയിപ്പോയില്ലേ ? ജാത്യഗുണം കാണിക്കാതിരിക്കുമോ ? കിട്ടിയ തക്കത്തിന് ഒന്ന് രണ്ടു ക്ലിക്ക്. തിരിഞ്ഞുനോക്കിയപ്പോള്‍ , " നീ മനസ്സില്‍ കണ്ടത് ഞാന്‍ മാനത് കാണുമെടാ" എന്നമട്ടില്‍ അതാ നില്‍ക്കുന്നു നമ്മുടെ പഴയ അണ്ണന്‍. അവന്‍റെ ജീനിന്‍റെ ഏതോ ഒരു ഭാഗത്ത് ഒരു മലയാളി ടച്ച്‌ ഇല്ലായിരുന്നോ ? അല്ലെങ്കില്‍ അവന്‍ ഇത്ര കൃത്യമായി എങ്ങനെ എന്‍റെ മനസിലിരിപ്പ് കണ്ടു. ഒരു താക്കീതുകൂടി കിട്ടി ! ഇനി പണിയൊന്നും നടക്കില്ലന്നു മനസിലായി ! അവന്മാരുടെ "സുവിശേഷം" കേള്‍ക്കാന്‍ വെറുതെ എന്തിനാ നമ്മള്‍ നിന്നുകൊടുക്കുന്നത് ! പിന്നെ ഫൈന്‍ ഒക്കെ അടക്കുകയെന്നൊക്കെ പറഞ്ഞാല്‍ അവന്മാര്‍ക്ക് സുഖമുള്ളകാര്യമാണെങ്കിലും നമുക്കതൊക്കെ മേനക്കെടല്ലയോ ? വെറുതെ എന്തിനാ എന്‍റെ സമയം കളയുന്നത് ! അല്ല പിന്നെ ! കൊഴുക്കട്ട വായിലിട്ടുകൊണ്ട് അവന്മാര് "അരിയെത്ര എന്ന് ചോദിച്ചാല്‍ , ഞാന്‍ പിന്നെ, പയര് അഞ്ഞാഴി എന്നൊക്കെ ഉത്തരം പറയേണ്ടി വരുമല്ലോ എന്നൊക്കെ ഓര്‍ത്തപ്പോള്‍ ക്യാമറ ഓഫ്‌ ചെയ്തു ബാഗിലിട്ടു.





പലടത്തുനിന്നുമുള്ള കലാകാരന്മാര്‍ അവരുടെ കലാവസ്തുക്കള്‍ അവിടെ ഭംഗിയോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പല പ്രദര്‍ശനങ്ങളും അവിടെ സങ്കടിപ്പിക്കാറുണ്ടെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. അതിനായുള്ള ഒരു വേദികൂടിയാണിവിടം. ക്ലബുകളിലെ മെംബര്‍ഷിപ്പു പോലെ നമുക്കും അവിടെ അംഗമായി ചേരാം. ഗ്ലാസ്സില്‍ ഇങ്ങനെയും രൂപങ്ങള്‍ ഉണ്ടാക്കാമെന്ന് അന്നാണ് മനസിലായത്.



ചില ദിവസങ്ങളില്‍ ലൈവ്ഷോകല്‍ ഉണ്ടാകാറുണ്ട് .ഞങ്ങള്‍ ചെല്ലുമ്പോള്‍ സ്പാനിഷ്‌ നര്‍ത്തകികള്‍ ചടുല താളത്തില്‍ നൃത്തംചെയ്തുകൊണ്ടിരിക്കുന്നു. അവസാന ഭാഗമായിരുന്നതിനാല്‍ കൂടുതല്‍ കാണാന്‍ സാധിച്ചില്ല.



ഇതൊന്നുമല്ല ഈ മ്യുസിയതിന്റെ പ്രധാന ആകര്‍ഷണം. അത് ഒരു "ഹോട്ട് ഷോപ്പ് ആംപിതീയേറ്റര്‍ " ആണ്. മ്യുസിയത്തിലെ ജോലിക്കാരായ കലാകാരന്മാരുടെ കരവിരുത് നമുക്ക് നേരിട്ട് കാണാം. ഇവിടെയും ക്യാമറ അനുവദിക്കില്ല. ഒരു തീയേറ്ററിലേതെന്നപോലെ കാനികല്‍ക്കിരുന്നു അവരുടെ ജോലി കാണാം. അവിടം സന്ദര്ശിക്കുന്ന മറ്റു ഗ്ലാസ്‌ കലാകാരന്മാര്‍ക്കും അവരുടെ കലാവിരുത് കാണിക്കാന്‍ അവസരം ഉണ്ട്. പക്ഷെ അതിന്‍റെ ബാല്‍ക്കണിയില്‍ നിന്നാല്‍ നല്ല കാഴ്ച കിട്ടുമെന്നുള്ളതുകൊണ്ട് ഞാന്‍ അവിടെ കുറ്റിയടിച്ചു. നീളമുള്ള ഒരു ദണ്ഡിന്‍റെ അറ്റം ഉരുകിയ സ്പടികത്തില്‍ മുക്കിയെടുക്കുന്നു. പെട്ടെന്നുതന്നെ ഒരു നിശ്ചിത ശക്തിയില്‍ മറ്റേ അറ്റത്തുനിന്നും ഊതുന്നു. അപ്പോള്‍ വീര്‍ത്തുവരുന്ന ഗ്ലാസ്‌ ഗോളം മറ്റൊരാള്‍ കൃത്യമായ മര്‍ദ്ദത്തില്‍ അമര്‍ത്തി വേണ്ട ആകൃതി കൊടുക്കുന്നു.ഈ സമയമൊക്കെ ആ ദണ്ഡ കറക്കികൊണ്ടിരിക്കും. വീണ്ടും ഫര്‍ണസില്‍ വെക്കുന്ന ഈ ഗ്ലാസ് പരുവമാകുമ്പോള്‍ വീണ്ടു പുറത്തെടുത്തു ആകൃതി കൊടുക്കുന്നു. ഒരു കലാകാരന്‍ തന്‍റെ മനസിലെ ചിത്രം പൂര്‍ണ്ണമായി അതിലേക്കു ആവാഹിക്കുന്നത് വരെ ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നു .ഓരോ ശില്പവും രണ്ടോ മൂന്നോ പേരുടെ കൂട്ടായ പ്രവര്‍ത്തനമാണ്. അവരുടെ കണ്ണും മെയ്യും കരങ്ങളും അതിനുപരി മനസും ഏക താളത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു മനോഹര ശില്‍പം സ്പടികത്തില്‍ പിറവിയെടുക്കുന്നു. ശ്രദ്ധിച്ചാല്‍ അവരുടെ ജോലിയില്‍
ഒരു താളാത്മകത നമുക്ക് കാണാന്‍ സാധിക്കും.

അവരുടെ മുഖത്തു ഒരേ ജോലിയുടെ ആവര്‍ത്തന വിരസത ഇല്ലേ എന്ന് എനിക്കുതോന്നാതിരുന്നില്ല. പക്ഷെ ഓരോ ശില്പവും പുര്‍ത്തിയാകുംപോള്‍ അതിന്‍റെ ഭംഗി കണ്ടു കാണികള്‍ കയ്യടിക്കുംപോള്‍ അവരുടെ മുഖത്തു വരുന്ന ചിരി അത് ആത്മാര്‍ദ്ധതയോട് തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മള്‍ മലയാളികള്‍ക്കല്ലേ പ്രശംസിക്കാനും കയ്യടിച്ചു പ്രോത്സാഹിപ്പിക്കാനും പിശുക്ക് കാണൂ.

കൂട്ടുകാര്‍ക്ക് ഇതില്‍ വലിയ താത്പര്യമില്ലഞ്ഞതിനാല്‍ അവര് പെട്ടെന്ന് തന്നെ പുറത്തു കടന്നിരുന്നു.

പുറത്തും ചില കാഴ്ചകള്‍ ഉണ്ടായിരുന്നു.

അതില്‍ പ്രധാനം ജോസഫ്‌ റോസ്സാനോസ് എന്ന കലാകാരന്‍റെ " മിറര്‍ഡ് മ്യുര്‍ലെറ്റ്‌ " എന്ന വര്‍ക്ക്‌ ആണ്. ഇത് ഗ്ലാസില്‍ തീര്‍ത്ത ഏകദേശം 200 ഓളം , മാര്‍ബിള്‍ മ്യുര്‍ലെറ്റ്‌ എന്ന ,പസഫിക് പ്രദേശങ്ങളില്‍ കാണുന്ന ഒരുതരം ചെറു പക്ഷികളുടെ രൂപമാണ്‌.ഒരു ചെറിയ കുളത്തില്‍ നീന്തി നടക്കുന്നതുപോലെയാണ് അവയെ ക്രമീകരിച്ചിരിക്കുന്നത്. മനുഷ്യന്‍ പ്രകൃതിയോടുള്ള അഭിനിവേശംമാണ് പുള്ളി അതില്‍ ചിത്രീകരിചിരിക്കുന്നതെന്ന് വായിച്ചപ്പോള്‍ മനസിലായി.





ഗ്ലാസ്‌ ഓഫ് ബ്രിഡ്ജ് ആണ് മറ്റൊരു ആകര്‍ഷണം . ഡെയ്ല്‍ ചായ്ചുയ് എന്നൊരാളാണ് ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഏകദേശം 500 അടി നീളത്തിലുള്ള ഈ മേല്‍പ്പാലം മ്യുസിയത്തെ ഡൌണ്‍ ടൗണുമായി ബന്ധിക്കുന്നു. പാലത്തിന്‍റെ ഇരുവശത്തുമായി ഡെയ് ലിന്റെ കലാസൃഷ്ടികള്‍ മനോഹരമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പാലത്തിലുള്ള 2 തൂണുകളിലായി തൂക്കിയിട്ടിരിക്കുന്ന ഗ്ലാസില്‍ തീര്‍ത്തിരിക്കുന്ന ഷീറ്റുകള്‍ കണ്ടാല്‍ കാറ്റ് നിറഞ്ഞ പ്ലാസ്റ്റിക്‌ ബാഗുകള്‍ പോലെ തോന്നി.









വൈകുന്നേരങ്ങളില്‍ ദീപപ്രഭയില്‍ തിളങ്ങി നില്‍ക്കുന്ന ഈ ഗ്ലാസ് കൂടാരം നയനാനന്തകരമാണ് .ചുറ്റുമുള്ള ചെറിയ ചെറിയ ജലാശയങ്ങള്‍ അതിന്‍റെ ഭംഗി വര്‍ധിപ്പിക്കുന്നു. പക്ഷെ അതുകാണാന്‍ സാധിച്ചില്ലല്ലോ എന്നനഷ്ടബോധത്തോടെ വളരെ വേറിട്ടുനില്‍ക്കുന്നതും ഗ്ലാസ്‌ മ്യുസിയം എന്ന പേരിനെ അന്വര്‍ഥമാക്കുന്നതുമായ ആ മേല്‍പ്പാലത്തില്‍ കൂടി ഞങ്ങള്‍ പുറത്തേക്കു കടന്നു.


പുറത്തു അപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങിയിട്ടുണ്ടായിരുന്നു ...



Photos : Anoop

Tuesday, March 2, 2010

മൌണ്ട് റിനിയര്‍




മൌണ്ട് റിനിയര്‍ വാഷിങ്ങ്ടനിലെ പ്രധാന ഒരു ആകര്‍ഷണ കേന്ദ്രം ആണ് . ഒന്നിനൊന്നോടു ചേര്‍ന്ന മലനിരകള്‍.നമ്മുടെ ഹിമാലയന്‍ പര്‍വതങ്ങളെ ഓര്‍മിപ്പിച്ചു. 14,000 ത്തോളം അടി ഉയരമുള്ള ഈ പര്‍വതത്തിന്റെ അടിഭാഗം മാത്രം ഏകദേശം 100 ചതുരശ്ര മൈലോളം വരും. 1899 മുതല്‍ ഇതൊരു നാഷണല്‍ പാര്‍ക്കായി അംഗീകരി ചിരിക്കുന്നതായാണ് അറിയുവാന്‍ കഴിഞ്ഞത്. യഥാര്‍ത്ഥത്തില്‍ ഇതൊരു നിര്‍ജീവമായ അഗ്നിപര്‍വതമാണെന്നു അധികം ആര്‍ക്കും അറിയില്ല.വര്‍ഷത്തിലെ മിക്ക ഋതുവിലും മഞ്ഞിനാലും ,െഎസിനാലു൦ മൂടപ്പെട്ടകിടക്കുന്നതുകൊണ്ട് എപ്പോളും തിളങ്ങികിടക്കും. സൂര്യോദയത്തിന്റെയും അസ്തമയത്തിന്റെയും വര്‍ണ്ണ രാജികള്‍ മഞ്ഞുപാളികളില്‍ തട്ടി പ്രതിഭലിക്കുന്നകാഴ്ച വളരെ മനോഹരമാണ്.




മനോഹരമായ താഴ്വാരങ്ങളും പൂത്തുനില്‍ക്കുന്ന ചെടികളും മനോഹരമായ കാഴ്ച നല്‍കുന്നു...




























Photos : Anoop
 

2010 © Anoop All Rights Reserved

Creative Commons License
Under United States License.